വയനാട്, വിലങ്ങാട്ദുരന്ത പുനരധിവാസത്തിനായി കത്തോലിക്കാ സഭയുടെ ഓഫീസ് ആരംഭിച്ചു

കല്പറ്റ: വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ മേഖലകളിൽ കേരള കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ പുനരധിവാസ പ്രവർത്തന ഏകോപനത്തിനായി കല്പറ്റയിൽ  സഭയുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു.  വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷംഷാദ് മരക്കാർ  ഉദ്ഘാടനം ചെയ്തു. പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്തി സുസ്ഥിര പുനരധിവാസ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ആസൂത്രണം ചെയ്തു നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഭവനനിർമ്മാണം ആസൂത്രണം ചെയ്യുമ്പോൾ കുടുംബങ്ങളുടെയും വ്യക്തികളുടേയും  ആവശ്യങ്ങളും അവരുടെ ഉപജീവനശേഷികളും പരിഗണിച്ചായിരിക്കണം അവ നടപ്പിലാക്കേണ്ടതെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ സ്വാഗതം ആശംസിച്ചു. കെ.സി.ബി.സി. പോസ്‌റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് കൺസൾട്ടേഷൻ ടീമംഗങ്ങളായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. റൊമാൻസ് ആന്റണി, ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ, കാരിത്താസ് ഇന്ത്യ ടീം ലീഡ് ഡോ. വി.ആർ. ഹരിദാസ്, കാത്തലിക് റിലീഫ് സർവ്വീസസ് പ്രതിനിധി അരുളപ്പ, ജീവന ഡയറക്ടർ ഫാ. ആൽഫ്രഡ് വി.സി, കെ.സി.ബി.സി. വനിതാ കമ്മീഷൻ അംഗങ്ങൾ, പ്രോഗ്രാം ലീഡ് കെ. ഡി. ജോസഫ്, കെ.എസ്.എസ്.എഫ്. ടീം അംഗങ്ങൾ, മറ്റ് സന്നദ്ധ സംഘടനാ പ്രതിനിധികൾ  തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ദുരന്തത്തെത്തുടർന്ന് ഇതുവരെ നടത്തിയ അടിയന്തിര ഇടപെടലുകളും ലഭ്യമാക്കിയ സഹായധനമുൾപ്പടെയുള്ള പ്രവർത്തനങ്ങളും വിലയിരുത്തുകയും ഭാവി പ്രവർത്തനങ്ങളുടെ മുൻഗണനകളും പ്രവർത്തന പ്ലാനും തയ്യാറാക്കുകയും ചെയ്തു.

Article Courtesy: apnades.in

Scroll to Top