കത്തോലിക്കാസഭയുടെ ദുരിതാശ്വാസ-പുനരധിവാസപ്രവര്‍ത്തനം മഹനീയം: ജയിംസ് ഗോഡ്‌ബെര്‍

ഉരുള്‍ ദുരന്ത ബാധിതര്‍ക്കുള്ള ബാക്ക് ടു ഹോം കിറ്റ് വിതരണം ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ജയിംസ് ഗോഡ്‌ബെര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മഹനീയമെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ജയിംസ് ഗോഡ്‌ബെര്‍. ദുരന്തബാധിതര്‍ക്ക് മാനന്തവാടി രൂപതയുടെ സാമൂഹിക വികസന പ്രസ്ഥാനമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മുഖേന നല്‍കുന്ന ബാക്ക് ടു ഹോം കിറ്റുകളുടെ വിതരണം ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമാകാന്‍ സമൂഹം ഒന്നായി നില്‍ക്കണം. കൂട്ടായ പ്രവര്‍ത്തനം അതിജീവനം സാധ്യമാക്കും. ദുരന്തദിനം മുതല്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട് രൂപതകള്‍ സാമൂഹിക സേവന വിഭാഗങ്ങള്‍ വഴി മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നതായാണ് മനസിലാക്കുന്നത്. കത്തോലിക്കാസഭയ്ക്കുവേണ്ടി കേരള സോഷ്യല്‍ സര്‍വീസ് ഫോറം, കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സര്‍വീസസ് തുടങ്ങിയവ മികച്ച നേതൃത്വവും പിന്തുണയും നല്‍കുന്നതായും ജയിംസ് ഗോഡ്‌ബെര്‍ പറഞ്ഞു.
കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജേക്കബ് മാവുങ്കല്‍ അധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യ ടീം ലീഡര്‍ ഡോ.വി.ആര്‍. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍, ബത്തേരി ശ്രേയസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ഡേവിഡ് ആലിങ്കല്‍, ജീവന എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.വി.സി. ആല്‍ബര്‍ട്ട്, ചൂരല്‍മല പള്ളി വികാരി ഫാ.ജിബിന്‍ വട്ടുകുളത്തില്‍, കാരിത്താസ് സ്റ്റേറ്റ് ഓഫീസര്‍ അഭീഷ് ആന്റണി, ഫിനാന്‍സ് ഓഫീസര്‍ നിക്‌സണ്‍ മാത്യു, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ്എന്നിവര്‍ പ്രസംഗിച്ചു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ടീം അംഗങ്ങളായ റോബിന്‍ ജോസഫ്, ദീപു ജോസഫ്, ചിഞ്ചു മരിയ, ആലീസ് സിസില്‍, ഷീന ആന്റണി, ബിന്‍സി വര്‍ഗീസ്, ജിനി ഷിനു എന്നിവര്‍ നേതൃത്വം നല്‍കി.
കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സര്‍വീസസ്, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ബത്തേരി ശ്രേയസ്, ജീവന കോഴിക്കോട് എന്നിവയുടെ നേതൃത്വത്തിലാണ് ജില്ലയില്‍ കത്തോലിക്കാസഭ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. 175 കുടുബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. 10,000 രൂപയോളം വിലവരുന്നതാണ് ഓരോ കിറ്റും. കിടക്ക, ബെഡ് ഷീറ്റ്, തലയിണ, പാത്രങ്ങള്‍, ബക്കറ്റുകള്‍, കുക്കര്‍, ഗ്ലാസ്, പ്ലേറ്റ്, കൊതുക് വല, സോളാര്‍ ടോര്‍ച്ച്, ടൂത്ത് ബ്രഷ്, ബാത്ത് സോപ്പ്, വാഷിംഗ് പൗഡര്‍ എന്നിവ കിറ്റില്‍ അടങ്ങിയിട്ടുണ്ട്. കിറ്റ് വിതരണത്തിന് തെരഞ്ഞെടുത്ത കുടുബങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ 9500 രൂപ വീതം നല്‍കുന്നുണ്ട്.

Article Courtesy: Kerala Correspondent

Scroll to Top